NEWS UPDATED

ടോള്‍ പിരിവില്ലാതെ സര്‍ക്കാര്‍ ചെലവില്‍ 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വകക്ഷിയോഗ തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ ബഹുജന സമരത്തിന് തുടക്കം കുറിച്ചു.

ദേശീയ പാത: സര്‍വകക്ഷി തീരുമാനം അട്ടിമറിക്കുന്നതിനെതിരെ സമര കൂട്ടായ്മ

                                ടോള്‍ പിരിവില്ലാതെ സര്‍ക്കാര്‍ ചെലവില്‍ 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വകക്ഷിയോഗ തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ ബഹുജന സമരത്തിന് ദേശീയപാത ആക്ഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ബഹുജന കണ്‍വെന്‍ഷനിലാണ് രണ്ടാംഘട്ട സമരത്തിന് തുടക്കമായത്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ  സന്ദേശം ടി.കെ. സുധീര്‍കുമാര്‍ വായിച്ചു.
                           ദരിദ്രരുടെ മനുഷ്യാവകാശങ്ങള്‍ സമ്പന്നര്‍ക്ക്‌വേണ്ടി ബലി കഴിക്കരുതെന്ന് കൃഷ്ണയ്യര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ദരിദ്രരുടെ വോട്ട് വിലയ്ക്ക് വാങ്ങി സമ്പന്നര്‍ സര്‍ക്കാറിനുമേല്‍ അധികാരം ചെലുത്തുകയാണ്. എന്നാല്‍,സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാന്‍ ഒന്നിനും കഴിയില്ല.കേരളത്തില്‍ ഭൂമി വളരെ പരിമിതമാണ്. വീടില്ലാത്തവരും പട്ടിണിക്കാരുമായ കോടികള്‍ വസിക്കുന്ന കേരളത്തില്‍ നിലനില്‍പ്പിനുവേണ്ടി സമരം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.ഇവരെ പറിച്ചെറിഞ്ഞ് നിര്‍മിക്കുന്ന വിശാല ഹൈവേകള്‍ സഞ്ചാരസ്വാതന്ത്ര്യം തടയാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.കുട്ടി അഹമ്മദ്കുട്ടി എം.എല്‍.എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. 30 മീറ്റര്‍ വീതിയില്‍ ദേശീയപാതയെന്ന തീരുമാനം അട്ടിമറിക്കുന്നത് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളിലെ ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. എത്ര മീറ്റര്‍ സ്ഥലമെടുത്താലും റോഡ് 24.5 മീറ്ററില്‍ ഒതുങ്ങുമെന്നും ലക്ഷങ്ങളെ തെരുവാധാരമാക്കേണ്ടതില്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകക്ഷി തീരുമാനമുണ്ടായതെന്ന് അധ്യക്ഷത വഹിച്ച ഹൈവേ ആക്ഷന്‍ ഫോറം പ്രസിഡന്റ് എസ്.പ്രകാശ് മേനോന്‍ പറഞ്ഞു. ആ തീരുമാനം വെറുതെ തിരുത്താവുന്നതല്ല. റോഡിന് അമിതമായ വീതി വേണമെന്ന് വാദിക്കുന്നവര്‍  ബി.ഒ.ടിക്കാരെ ക്ഷണിച്ചുകൊണ്ടുവന്നതാണോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് ജെ.എസ്.എസ് നേതാവ് അഡ്വ. രാജന്‍ ബാബു പറഞ്ഞു. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ തീരുമാനത്തെ തിരുത്തുന്നത് ശരിയല്ലെന്നും മനുഷ്യവികാരം ഉള്‍ക്കൊള്ളാന്‍ ഭരണകൂടം തയാറാകണമെന്നും അഡ്വ. പ്രേംനാഥ് എം.എല്‍.എ പറഞ്ഞു.
               ജനവിരുദ്ധ തീരുമാനങ്ങള്‍ ശക്തമായി തിരസ്‌കരിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞ് ജനത്തെ  വികസനത്തിന്റെ ഗുണഭോക്താക്കളാക്കുന്ന വിധത്തിലുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടതെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി.ആര്‍.പി.ഭാസ്‌കര്‍ പറഞ്ഞു.സര്‍വകക്ഷി തീരുമാനം തിരുത്താനുള്ള എന്ത് സാഹചര്യമാണുണ്ടായതെന്ന് വ്യക്തമാക്കണമെന്നും ദേശീയപാതയുടെ വീതി  30 മീറ്ററിലധികമെന്നത് നടക്കില്ലെന്നും  സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ പറഞ്ഞു.
                

1 comment:

  1. Ningaleppoleyullavaranu keralathile vikasanathinu thadsam nilkkunnathu...
    Kure vottukalkku vendi mathramayi keralathile vikasanangalkku thadasam nilkkaruthu..

    ReplyDelete

THANK YOU FOR YOUR FEEDBACK