NEWS UPDATED

ടോള്‍ പിരിവില്ലാതെ സര്‍ക്കാര്‍ ചെലവില്‍ 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനുള്ള സര്‍വകക്ഷിയോഗ തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ ബഹുജന സമരത്തിന് തുടക്കം കുറിച്ചു.

Articles




കേരളം കാതോര്‍ത്തിരുന്ന തീരുമാനം
                                                      -പി. മുജീബുറഹ്മാന്‍
             ജനകീയ ചെറുത്തുനില്‍പുവിജയങ്ങളുടെ സമീപകാല ചരിത്രത്തില്‍ ഒരു സുവര്‍ണാധ്യായം തുന്നിച്ചേര്‍ത്താണ് ദേശീയപാതാ വികസനത്തെക്കുറിച്ച സര്‍വകക്ഷിയോഗം പിരിഞ്ഞിരിക്കുന്നത്. വികസനത്തിന്റെ പേരില്‍ പൊതുവഴി വില്‍ക്കാനുള്ള നവമുതലാളിത്ത ഗൂഢതന്ത്രത്തെ ഉടലോടെ പൊതിഞ്ഞു കേന്ദ്രത്തിലേക്ക് തിരിച്ചയക്കാന്‍ തീരുമാനമെടുത്ത സര്‍വകക്ഷികളും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ദേശീയപാതകള്‍ ബി.ഒ.ടിക്കാരന്റെ ഓശാരമില്ലാതെ 30 മീറ്ററില്‍ വികസിപ്പിക്കണമെന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടായിരിക്കുന്നുവെന്നത് ചില്ലറകാര്യമല്ല. പുനരധിവാസമില്ലാതെ നാട്ടുകാരെ കുടിയൊഴിപ്പിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചിരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ജനകീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഒറ്റക്കെട്ടായി നില്‍ക്കുന്ന അപൂര്‍വകാഴ്ചയാണ് സര്‍വകക്ഷിയോഗത്തിലൂടെ കേരളം കണ്ടത്.
                         സര്‍വകക്ഷിതീരുമാനം ആകസ്മികമല്ല. സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം അണിനിരന്ന തീക്ഷ്ണമായ ഒരു ജനകീയപോരാട്ടത്തിന്റെ വിജയവും പരിണതിയും ആണത്. ലാത്തിച്ചാര്‍ജുകള്‍ ഏറ്റുവാങ്ങിയും സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞും സ്വന്തം മണ്ണിനും റോഡിനും കാവലിരുന്ന കേരളത്തിലെ പച്ചമനുഷ്യര്‍ നേടിയ വിജയം. വികസനഭീകരതയുടെ ടോള്‍വഴികളല്ല കേരളത്തിനാവശ്യമെന്ന രാഷ്ട്രീയസത്യം അവര്‍ മുഖ്യധാരയെ പഠിപ്പിച്ചിരിക്കുന്നു. കേന്ദ്രത്തിന്റേതല്ലേ എന്ന നിസ്സഹായത കൊണ്ടും വികസനം വേണ്ടേ എന്ന നിഷ്കളങ്കതകൊണ്ടും മുതലാളിത്ത ചൂഷണങ്ങള്‍ക്ക് ചൂട്ടുപിടിച്ചിരുന്നവര്‍ ജനവികാരം ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതമായെന്നതാണ് ഈ വിജയം നല്‍കുന്ന വലിയസന്ദേശം. കേരളത്തിലെ  ജനകീയപോരാട്ടങ്ങള്‍ നേടിക്കൊണ്ടിരിക്കുന്ന സമീപകാല വിജയങ്ങളുടെ തുടര്‍ച്ചയായിത്തന്നെയാണ് ദേശീയപാത സമരത്തെയും അടയാളപ്പെടുത്തേണ്ടത്. പ്ലാച്ചിമടയിലും ചെങ്ങറയിലും അതിരപ്പിള്ളിയിലും വിജയിച്ച ജനകീയസമരങ്ങളുടെ പാഠാവലി തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്. പ്ലാച്ചിമടയില്‍ ഗ്രാമീണര്‍ കൊക്കകോളയെ മുട്ടുകുത്തിച്ച് കുടിവെള്ളത്തിന്റെ രാഷ്ട്രീയം പ്രഖ്യാപിച്ചപ്പോള്‍ ചെങ്ങറയില്‍ ദലിതന്‍ ഭൂമിയുടെ മേലുള്ള അവകാശം ഉറക്കെ പറയുകയായിരുന്നു. കുടിയിറക്കാനുള്ള വിസമ്മതത്തോടൊപ്പം പൊതുവഴിക്ക് മേലുള്ള ഒരു ജനതയുടെ അവകാശത്തിന്റെ വിളംബരം കൂടിയാണ് ദേശീയപാതാ സമരം.
            എല്ലാ സാമൂഹികസേവന മണ്ഡലങ്ങളും വിപണിവത്കരിച്ച് ധന സമ്പാദനമാര്‍ഗമാക്കുകയെന്ന നവമുതലാളിത്തത്തിന്റെ വികസന ഭീകരവാദത്തിനെതിരെ ഒരു ജനതയുടെ ശക്തമായ പ്രതിരോധം നേടിയെടുത്ത ഉജ്വലവിജയം കൂടിയാണിത്. കേരളത്തില്‍ സ്വതന്ത്ര സമരബോധത്തെ ജാജ്വല്യമാക്കിത്തീര്‍ത്തതില്‍ പൊതുവഴികള്‍ക്കുവേണ്ടിയുളള സമരങ്ങള്‍ നിര്‍വഹിച്ച പങ്ക് നിസ്തുലമായിരുന്നു. പൊതുനിരത്തുകള്‍ സ്വാതന്ത്യ്രത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകങ്ങളായിരുന്നു. ഈ രാജ്യം എന്റേതു കൂടിയാണ് എന്ന പൌരബോധത്തിന്റെ ഞരമ്പുകളായി പടര്‍ന്ന് കിടക്കുകയാണ് ദേശമഖിലമുളള പൊതുവഴികള്‍. അവയുടെ സംരക്ഷണം വികസനഭ്രാന്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വിസ്മരിച്ചപ്പോള്‍  ശക്തമായ പ്രക്ഷോഭപരമ്പരകളിലൂടെ അവരെ സാധാരണക്കാര്‍ ജനപക്ഷ രാഷ്ട്രീയം പഠിപ്പിക്കുകയായിരുന്നു. വൈകിയാണെങ്കിലും അത് തിരിച്ചറിയാനും വികസനപ്രക്രിയകളില്‍ അതുള്‍ക്കൊളളാനും അവര്‍ക്ക് സാധിച്ചാല്‍ ഭാവി കേരളവികസനത്തിന് മണ്ണിന്റെയും പച്ച മനുഷ്യരുടെയും മണമുണ്ടാകും, തീര്‍ച്ച.
                        ഇരകളുടെ തളരാത്ത നെഞ്ചുറപ്പും ജനകീയ പ്രസ്ഥാനങ്ങളുടെ ആത്മാര്‍ഥമായ പിന്തുണയുമുണ്ടെങ്കില്‍ വികസനത്തിന്റെ അലൈന്‍മെന്റുകള്‍ ജനങ്ങള്‍ക്ക് നിശ്ചയിക്കാനാവുമെന്നതാണ് ഈ വിജയത്തിന്റെയും പാഠം. എല്ലാ കക്ഷിരാഷ്ട്രീയങ്ങള്‍ക്കുമപ്പുറം ജനവികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച രാഷ്ട്രീയസംഘടനകള്‍ ജനാധിപത്യഘടനയെയും സംസ്കാരത്തെയും ഏറെ ശക്തിപ്പെടുത്തിയിരിക്കുന്നു.
അതിനാല്‍ സര്‍വകക്ഷി തീരുമാനത്തിനൊത്ത് കേന്ദ്രഭരണകൂടത്തെ തിരുത്താന്‍ ഈ കൂട്ടായ്മക്ക് കഴിയുമെന്ന പ്രത്യാശ ജനങ്ങള്‍ക്കുണ്ട്. അതിനുമപ്പുറം മുതലാളിത്ത വികസനത്തിനുപകരം ജനകീയവികസനത്തിന്റെ പുതിയൊരു ദേശീയരാഷ്ട്രീയം രൂപപ്പെടുത്താനാണ് സര്‍വകക്ഷികളും മുന്‍കൈയെടുക്കേണ്ടത്.
                             തങ്ങളുടെ രാഷ്ട്രീയപരിമിതികള്‍ മറികടന്ന് സമരത്തിന് തുടക്കംമുതല്‍ പിന്തുണ നല്‍കിയ രാഷ്ട്രീയവ്യക്തിത്വങ്ങളും സാംസ്കാരികനായകന്മാരും ജനകീയ കൂട്ടായ്മകളും സമരത്തെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകപങ്കാണ് വഹിച്ചത്. ഈ സമരവിജയം വികസനസംസ്കാരത്തെക്കുറിച്ച ക്ഷേമകരമായ അവബോധങ്ങള്‍ രൂപപ്പെടുത്തുമെന്നു തീര്‍ച്ചയായും പ്രതീക്ഷിക്കാം.
(ലേഖകന്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റാണ്)

__________________________________________________________________________________


ദേശീയപാത: എതിര്‍പ്പ് വികസനത്തോടല്ല, വില്പനയോട്


കെ. മുഹമ്മദ് നജീബ്

11.01.2010 ന്റെ മാധ്യമത്തില്‍ ദേശീയപാതാ വികസനത്തെക്കുറിച്ച മന്ത്രി പി.ജെ. ജോസഫ് എഴുതിയ ലേഖനം വികസനത്തെ വിസ്തരിച്ച് ഒടുവില്‍ വില്‍പനയെ ന്യായീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഗതാഗതക്കുരുക്ക് അനുദിനം വര്‍ദ്ധിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഗതാഗത വികസനപദ്ധതികള്‍ അടിയന്തിരമായി നടപ്പാക്കേണ്ടതുണ്ടെന്നും അംഗീകരിക്കാത്ത ഒരു 'വികസനവിരോധി' പോലും കേരളത്തിലിന്നില്ല. സംസ്ഥാനത്തിനനുഗുണമായ ഒരു സമഗ്ര ഗതാഗത വികസന നയമുണ്ടാവണമെന്ന മുറവിളി ഏറെക്കാലമായി ഇവിടെ ഉയരുന്നതിക്കാരണത്താലാണ്. മന്ത്രി ജോസഫടക്കമുള്ളവര്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതിയുടെ വലിയപരിമിതി അതൊരു റോഡുനയം മാത്രമാണെന്നുള്ളതാണ്. ഗതാഗതം റോഡ് മാര്‍ഗം മാത്രമല്ലല്ലോ. ഒരു കുടുംബത്തെപ്പോലും കുടിയിറക്കാതെ 'അക്വയര്‍' ചെയ്യാവുന്ന അതിവിശാല സമുദ്രമാണ് കേരളതീരത്തുള്ളത്. ജലഗതാഗതത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് കേരളത്തെ അടിവരയിട്ടോര്‍മിപ്പിച്ചത് മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമാണ്. എന്നിട്ടെന്തുകൊണ്ട് ജലഗതാഗത വികസനമോ നയമോ ഒന്നും നമ്മുടെ ഭരണാധികാരികളുടെ പേനത്തുമ്പില്‍ പോലുമില്ലാതെ പോവുന്നു? ഫലപ്രദമായ ഒരു സര്‍വേ പോലും ഇക്കാര്യത്തിലുണ്ടായിട്ടില്ല. റെയില്‍വേ വികസനവും തഥൈവ. റെയിലിനെക്കാള്‍ വേഗത്തിലോടാവുന്ന വിസ്മയ റോഡിനെക്കുറിച്ചാണ് മന്ത്രി പറയുന്നത്. അദിവേഗ റോഡിനേക്കാള്‍ ജനങ്ങളാഗ്രഹിക്കുന്നത് ആവശ്യത്തിന് ട്രെയിനും ട്രാക്കുമുണ്ടാവുകയെന്നതാണ്. പക്ഷേ, കേന്ദ്രവും കേരളവും തമ്മിലുള്ള പഴിചാരല്‍ മല്‍സരമായി മലയാളിയുടെ റെയില്‍ വികസനം ഒടുങ്ങിത്തീരുകയാണ് പതിവ്. ഇതൊക്കെ മാറ്റിവെച്ചുകൊണ്ടാണ് ടോള്‍ റോഡുകളെ ഗതാഗത വികസനത്തിന്റെ ഏകമാര്‍ഗമായി മന്ത്രി അവതരിപ്പിക്കുന്നത്.
                         കേരളത്തിലെ ഹൈവേകള്‍ (എന്‍.എച്ച് 17 ഉം 47 ഉം) നാല്‌വരിപ്പാതയാക്കുന്നത് തികച്ചും കാലോചിതമായ ഒരു തീരുമാനമാണ്. അതുകൊണ്ട് തന്നെയാണിത് പരക്കെ സ്വാഗതം ചെയ്യപ്പെടുകയും ജനങ്ങള്‍ ആവശ്യമായ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാവുകയും ചെയ്തിട്ടുള്ളത്. വലിയ പ്രതിഷേധങ്ങളൊന്നുമില്ലാതെ ജനങ്ങളുടെ സഹകരണത്തോടെ ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ 30 മീറ്ററില്‍ നാലുവരിപ്പാത നിര്‍മ്മിച്ചിട്ടുണ്ടെന്നത് നാം മറക്കരുത്. പദ്ധതി ബി.ഒ.ടി വഴിക്കാവുകയും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാന്വല്‍ പ്രകാരം തന്നെ 30 മീറ്റര്‍ വീതിയില്‍ പണിയാവുന്ന റോഡ് 45 മീറ്ററിലേക്ക് മാറുകയും ചെയ്തതാണ് ഇപ്പോഴുള്ള എതിര്‍പ്പിന്റെ മര്‍മ്മമെന്ന് മന്ത്രി മനസ്സിലാക്കണം. ശാസ്ത്രീയമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടു തന്നെ 30 മീറ്ററില്‍ നാലുവരി പണിയാന്‍ കഴിയുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
                         സര്‍വീസ് റോഡുകള്‍ കൂടി പണിയുന്നതിനാണ് 45 മീറ്ററെന്ന് മന്ത്രിതന്നെ പറയുന്നു. ദേശീയ പാതയിലേക്കുള്ള പ്രവേശനം ചിലയിടത്തു മാത്രമാക്കി ബൂത്തുകള്‍ സ്ഥാപിച്ച് ടോള്‍പിരിവ് നടത്തുമ്പോഴാണ് സര്‍വീസ് റോഡുകള്‍ അത്യാവശ്യമായി വരുന്നത്. ടോള്‍പ്ലാസകള്‍ എന്ന ചുങ്കമന്ദിരങ്ങളിലേക്ക് ഹൈവേ യാത്രക്കാരെ ആട്ടിത്തെളിക്കാനുള്ള ഈ സേവനപാതകള്‍ ബി.ഒ.ടിക്കാരന്റെ ആവശ്യമാണെന്നര്‍ഥം. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കാനുള്ള ഇത്തരം ഗൂഢതന്ത്രങ്ങള്‍ക്കു വേണ്ടി അവരെന്തിന് കുടിയൊഴിയണം? കൂടാതെ കേരളത്തെപ്പോലെ ജനസാന്ദ്രതയുള്ളതും ഭൂരിപക്ഷം യാത്രകളും ഹൈവേയെ ആശ്രയിച്ച് നടത്തുകയും ചെയ്യുന്ന പ്രദേശത്ത് ഹൈവേയിലേക്ക് ചെന്നുചേരുന്ന ഇടറോഡുകള്‍ അടച്ചുപൂട്ടുന്നത് വമ്പിച്ച പ്രത്യാഘാതമുണ്ടാക്കുകയും ചെയ്യും. കുറ്റിപ്പുറം ഇടപ്പള്ളി റോഡില്‍ മാത്രം ഹൈവേയിലേക്ക് ചേരുന്ന 352 ഇടറോഡുകളുണ്ടെന്നാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പഠനം പറയുന്നത്. ഇവയില്‍ ബഹുഭൂരിഭാഗത്തിനും ഇനി ഹൈവേ അന്യമാവുകയാണ്. ഹൈവേ മുറിച്ചുകടക്കാനുള്ള ഇടങ്ങള്‍ തേടി ഇനി ജനങ്ങള്‍ കാതങ്ങള്‍ താണ്ടേണ്ടിവരികയെന്നതാണ് ഇതിന്റെ പരിണിതി.
                  സര്‍ക്കാര്‍ ഖജാനയില്‍ പണമില്ലെന്ന പതിവുപല്ലവിയാണ് റോഡുപണിയില്‍ നിന്ന് തലയൂരാനുള്ള സര്‍ക്കാര്‍ ന്യായം. പൗരന്റെ കയ്യില്‍നിന്ന് നികുതി പിടുങ്ങുന്ന സര്‍ക്കാറിന് അടിസ്ഥാനവികസനം പോലും നടപ്പാക്കാനുള്ള ബാധ്യത ഇല്ലെന്നാണോ? നഷ്ടത്തിലായ 'സത്യം' കമ്പ്യൂട്ടേഴ്‌സിനെ രക്ഷിക്കാന്‍ 20,000 കോടിരൂപ മുടക്കാനിറങ്ങിയ ദരിദ്രസര്‍ക്കാറാണ് പണമില്ലെന്നപേരില്‍ റോഡുകള്‍ ബി.ഒ.ടി മുതലാളിമാര്‍ക്ക് തീറെഴുതുന്നത്. 20 മുതല്‍ 30 വര്‍ഷം വരെ നാട്ടുകാരന്റെ കുത്തിനുപിടിക്കാന്‍ ബി.ഒ.ടിക്കാര്‍ക്ക് അധികാരമുണ്ടാവുമെന്നാണ് റോഡുരേഖ. ഇക്കൊല്ലം കഴിഞ്ഞാല്‍ റോഡ് നമുക്ക് സ്വന്തമല്ലേയെന്ന പൈങ്കിളിച്ചോദ്യം കൊണ്ട് ഈ കൊടും ചൂഷണത്തെ മറച്ചുപിടിക്കാനാവുമോ? ഇനി തിരിച്ചുകിട്ടിയാല്‍ എന്തുതരം റോഡായിരിക്കുമതെന്നു കാത്തിരുന്നു കാണണം.
                        റോഡു വീതികൂട്ടാന്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ പുനരധിവാസത്തെക്കുറിച്ച് മന്ത്രി ഒന്നും പറഞ്ഞിട്ടില്ല. പൊന്നും വിലയെന്ന പേരില്‍ ഒരുതരം 'മുക്കുവില' നല്‍കുമെന്നല്ലാതെ പുനരധിവാസത്തെക്കുറിച്ച് വ്യക്തമായ ഒരു നിര്‍ദേശവും പദ്ധതിയിലില്ല. എറണാകുളം പോലുള്ള ജില്ലകളില്‍ ഒരിക്കല്‍ കുടിയൊഴിഞ്ഞവര്‍ തന്നെയാണ് വീണ്ടും കുടിയൊഴിക്കപ്പെടുന്നതെന്നോര്‍ക്കണം. റോഡരികില്‍ തന്നെ വിശ്രമകേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളുമുണ്ടാകാനുള്ള യാത്രക്കാരുടെ മൗലികാവകാശത്തെക്കുറിച്ച് വേപഥുകൊള്ളുന്ന മന്ത്രി അതിനുവേണ്ടി കിടപ്പാടം നഷ്ടപ്പെടുന്നവന്റെ പുനരധിവാസത്തെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ല. അധികാരികളുടെ ഇത്തരം റിയല്‍ എസ്റ്റേറ്റ് മൗനങ്ങളാണ് ജനങ്ങളെ ആശങ്കാകുലരാക്കുന്നത്. സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി ജനങ്ങളെ ആട്ടിപ്പായിക്കുന്ന അക്വയര്‍മെന്റ് ഏജന്‍സികളായി തരംതാഴാതെ വികസനപ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുത്ത് നടത്താനുള്ള ആര്‍ജവമാണ് ജനകീയ സര്‍ക്കാറുകള്‍ക്കുണ്ടാവേണ്ടത്.
                         കേരളത്തില്‍ തിരക്കേറിയ റോഡുകള്‍ നഗരങ്ങളിലാണുള്ളത്. നഗരത്തിരക്ക് നിയന്ത്രിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് ബൈപ്പാസ് റോഡുകള്‍. കേരളാ റോഡ് നയത്തില്‍ ബൈപ്പാസുകളുടെ പൂര്‍ത്തീകരണത്തെക്കുറിച്ച് പറയുന്നുവെന്നല്ലാതെ തുടങ്ങിവെച്ച പലതിന്റെയും പണി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ഗതാഗതത്തിരക്കിന് കാരണമാവുന്ന നെടുനീളന്‍ കണ്ടെയ്‌നറുകളില്‍ പലതും വഹിക്കുന്നത് റോഡ് നിറക്കാനുള്ള കാറും ബൈക്കുമൊക്കെ തന്നെയാണ്. നാട്ടുകാരുടെ വാഹനഭ്രമത്തിന്റെ പരിണിതി റോഡ് വീതികൂട്ടി മാത്രം പരിഹരിക്കാനാവുമെന്നു വിശ്വസിക്കുന്നതും മൗഢ്യമാണ്. പൊതുഗതാഗതത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ അനാസ്ഥയുടെയും പിടിപ്പുകേടിന്റെയും വോള്‍സെയില്‍ ഡിപ്പോ ആണ് ഇന്ന് ് കേരളത്തിന്റെ പൊതുഗതാഗതം. നിര്‍ദിഷ്ട തീരദേശ ഹൈവേയും മലയോരപാതയും യാഥാര്‍ഥ്യമാക്കിയാല്‍ തന്നെ ദേശീയപാതയിലെ തിരക്ക് വലിയൊരളവോളം കുറക്കാനാവും. ഇത്തരം കാര്യങ്ങളൊന്നും വേണ്ടത്ര പരിഗണിക്കാതെയാണ് വികസനത്തിന് ചിലര്‍ തടസ്സം നില്‍ക്കുന്നുവെന്നു മന്ത്രി പരിതപിക്കുന്നത്.
              ഒരു കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തട്ടെ. എക്‌സ്പ്രസ് വേയോടുള്ളതുപോലെ എതിര്‍പ്പിന്റേതല്ല ദേശീയപാത വികസനത്തോടുള്ള നിലപാട്. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് അനാവശ്യ അക്വിസിഷനും ബി.ഒ.ടിയും ഒഴിവാക്കുകയും കുടിയൊഴിയുന്നവര്‍ക്ക് മാന്യമായ പുനരധിവാസം ഉറപ്പുവരുത്തുകയും ചെയ്താല്‍ സാധ്യമാക്കാവുന്നതേയുള്ളൂ കേരളത്തിന്റെ നാലുവരിപ്പാത.

(ലേഖകന്‍ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് സംസ്ഥാന സമിതിയംഗമാണ്)